Friday 1 July 2016

സെന്‍റ് . മേരീസ് ഐലന്‍റ് (St. Mary's Island)

മണിപ്പാല്‍ (Manipal)... എന്‍റെ സ്വന്തം നാടു കഴിഞ്ഞാല്‍ ജീവിതത്തില്‍ ഇത്രയേറെ എന്നെ സ്വദീനിച്ച ഒരു സ്ഥലം വേറെ ഇല്ലെന്നു തന്നെ പറയേണ്ടി വരും. കാരണം എന്‍റെ കലാലയ ജീവിതത്തിന്‍റെ നല്ലൊരു പങ്കു ചിലവഴിച്ചത് അവിടെയായിരുന്നു. ഇന്ത്യയ്ക്കു അകത്തും പുറത്തും ഉള്ള ഒരുപാടു സുഹൃത്തുക്കള്‍ക്കൊപ്പം പഠിക്കാനും ആഘോഷങ്ങളും അവധി ദിനങ്ങളും ചിലവഴിക്കാനും സാധിച്ച കാലഘട്ടം. എല്ലാവരെയും പോലെ തന്നെ ആ കാലം എനിക്കൊരിക്കലും മറക്കാന്‍ സാധിക്കില്ല. എനിക്ക് ഒരുപാടു യാത്ര അനുഭവങ്ങള്‍ സമ്മാനിച്ച വസന്തകാലം കൂടിയായിരുന്നു അത്.

കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ ആണു മണിപ്പാല്‍ യൂണിവേഴ്സിറ്റിയും ഞാന്‍ പഠിച്ച കോളേജും. എന്നോടൊപ്പം പഠിച്ചവരില്‍ എന്നേ കൂടാതെ ഒരേയൊരു മലയാളി മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാവരും പല പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഒരു നൈജീരിയ ഫ്രെണ്ടും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍. ദൂരകൂടുതല്‍ ഉള്ളതു കൊണ്ടു തന്നെ ഞങ്ങളില്‍ ആരും തന്നെ ഒന്നോ രണ്ടോ ദിവസത്തെ അവധി വന്നാലും നാട്ടില്‍ പോകാറില്ലായിരുന്നു. അത്തരം അവധികള്‍ ഞങ്ങള്‍ക്കു ഒരുപാടു യാത്രകള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.

പതിവുപോലെ ഒരു ശനിയാഴ്ച ഞങ്ങള്‍ എല്ലാവരും കൂടി ഒരു ട്രിപ്പ്‌ പോകാന്‍ പ്ലാന്‍ ഇട്ടു. മണിപ്പാലില്‍ ചെന്ന കാലം തൊട്ടു കേള്‍ക്കുന്ന ഒരു സ്ഥലമാണ്‌ സെന്‍റ് . മേരീസ് ഐലന്‍റ്. എന്തായാലും ഇത്തവണ അങ്ങോട്ടേക്ക് ആക്കം ട്രിപ്പ്‌ എന്നു തീരുമാനിച്ചു. സെന്‍റ് . മേരീസ് ഐലന്‍റ് അതിന്‍റെ പേരു പോലെ തന്നെ ഒരു ഐലന്‍റ് ആണ്. ആള്‍താമസം ഒന്നും ഇല്ലാത്ത ടൂറിസ്റ്റുകള്‍ മാത്രം വന്നു പോകുന്ന ഒരു ചെറിയ ദ്വീപ്‌. ഈ ദ്വീപിന്‍റെ രൂപികരണവും കാലപഴക്കവും സംബന്തിച്ചു പല പല കഥകള്‍ ആണു പറഞ്ഞു കേട്ടത്. അഗ്നിപര്‍വ്വത സ്ഫോടനം മൂലം പുറന്തള്ളപ്പെട്ട ലാവ തണുത്തുറഞ്ഞുണ്ടായതാണ് ഈ ദ്വീപ്‌ എന്നാണു ജിയോളജിക്കല്‍ പഠനം വ്യക്തമാക്കുന്നത്. അവിടുള്ള ഓരോ പാറ കൂട്ടങ്ങളും ആ നിഗമനത്തെ സാധൂകരിക്കുന്നു.

അങ്ങനെ ഞങ്ങള്‍ കോക്കനട്ട് ഐലന്‍റ് (Coconut Island) എന്ന് കൂടി വിളിപ്പേരുള്ള ആ ദ്വീപിലേക്ക് യാത്ര പുറപ്പെട്ടു. മണിപ്പാലില്‍ നിന്നും നേരെ ഉടുപ്പി(Uduppi) ബസ്‌ സ്റ്റാന്‍ഡിലേക്കാണ് ഞങ്ങള്‍ ആദ്യം പോയതു. മംഗലാപുരത്തു(Mangalore) നിന്നും ഉടുപ്പിക്കു ബസ്‌ സര്‍വീസ് ധാരാളം ഉണ്ട്. ഉടുപ്പിയില്‍ നിന്നും മാല്‍പ്പേ (Malpe) ബീച്ചിലേക്കുള്ള ബസ്സില്‍ കയറി. ഉടുപ്പിയില്‍ നിന്നും ഏകദേശം 20 - 30 മിനുട്ട് ദൂരം മാത്രമേ മാല്‍പ്പേ ബീച്ചിലെക്കുള്ളു. മാല്‍പ്പേ ബീച്ചില്‍ നിന്നും ഐലന്റിലേക്ക്‌ ബോട്ട് സര്‍വീസ് ഉണ്ട്. ഒരാള്‍ക്ക് 400 രൂപയാണ് ബോട്ടിന്റെ റേറ്റ് പറഞ്ഞത്. അതില്‍ തിരിച്ചു വരാനുള്ള ബോട്ട് റേറ്റും ഉള്‍പ്പെടും. അവിടെ ഒരു മണിക്കൂര്‍ മാത്രമേ നില്‍ക്കാവു എന്ന് ബോട്ടുകാര്‍ അറിയിച്ചു. താമസിച്ചാല്‍ ബോട്ട് തിരിച്ചു പോരും, പിന്നെ തിരിച്ചു വരണമെങ്കില്‍ വേറെ ബോട്ട് പിടിക്കണം, അതിനു പിന്നെയും 400 രൂപ കൊടുക്കേണ്ടി വരും എന്ന് അവര്‍ പറഞ്ഞു. ഒരു മണിക്കൂറില്‍ തിരിച്ചു ബോട്ടില്‍ കയറാം എന്നു സമ്മതിച്ചു ഞങ്ങള്‍ ബോട്ട് യാത്ര തുടങ്ങി.



അങ്ങനെ 6 കിലോമീറ്റെറോളം യാത്ര ചെയ്തു ഞങ്ങള്‍ സ്വര്‍ണവര്‍ണ മണല്‍ത്തരികള്‍ നിറഞ്ഞ ആ ദ്വീപില്‍ കാലുകുത്തി. കേരളത്തിലെ കാപ്പാടിലേക്കുള്ള യാത്രയ്ക്കിടെ പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌കോഡ ഗാമയും ഇതുപോലൊരിക്കല്‍ ഇവിടെ കാലു കുത്തിയിരുന്നു എന്ന ചരിത്രം പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്.




പറഞ്ഞു കേട്ടതിലും സുന്ദരം ആയിരുന്നു ആ ദ്വീപ്‌. ചിലയിടങ്ങള്‍ മുഴുവന്‍ അഗ്നിപര്‍വ്വതങ്ങള്‍ പുറന്തള്ളിയ ലാവ തണുത്തുറഞ്ഞുണ്ടായ കൃഷ്ണശിലകള്‍ ആയിരുന്നു. ചിലയിടങ്ങളില്‍ കേരളത്തെ അനുസ്മരിപ്പിക്കുന്ന തെങ്ങിന്‍ കൂട്ടങ്ങള്‍. യാത്രക്കാര്‍ക്കു വിശ്രമിക്കാന്‍ കുറച്ചു ഇരിപ്പിടങ്ങള്‍ അവിടിവിടെയായി ഉണ്ടായിരുന്നു. ഞണ്ടുകളേയും കുറെ പക്ഷികളെയും അല്ലാതെ മറ്റു ജീവജാലങ്ങള്‍ ഒന്നും അവിടെ കാണാന്‍ സാധിച്ചില്ല.






മനോഹരമായ കാഴ്ച്ചകള്‍ കണ്ടു തീരാന്‍ ഞങ്ങള്‍ക്കു ബോട്ടുകാര്‍ തന്ന ഒരു മണിക്കൂര്‍ മതിയാകുമായിരുന്നില്ല. കാഴ്ചകള്‍ കണ്ടു തിരികെ ബോട്ട് കിടന്നിടത്തു വന്നപ്പോള്‍ ഞങ്ങള്‍ വന്ന ബോട്ട് തിരികെ പോയിരുന്നു. ഇനി എന്തായാലും വീണ്ടും ബോട്ടിനു പൈസ കൊടുക്കണം, എന്നാല്‍ പിന്നെ കുറച്ചു കൂടി കണ്ടിട്ട് പോകാം എന്നു തീരുമാനിച്ചു ഞങ്ങള്‍ അവിടം മുഴുവന്‍ ഒരിക്കല്‍ കൂടി നടന്നു കണ്ടു. 5:30 കഴിഞ്ഞാല്‍ ബോട്ട് സര്‍വീസ് ഉണ്ടാകില്ല എന്നു അവിടെ വെച്ചു കണ്ട ഒരാള്‍ പറഞ്ഞതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ധിതരായി.







വീണ്ടും 400 രൂപ കൊടുത്തു ഞങ്ങള്‍ തിരികെ മാല്‍പ്പേ ബീച്ചില്‍ എത്തി. കുറച്ചു നേരം അവിടെ ചിലവഴിച്ചു. അവിടെ നിന്നും സൂര്യാസ്തമനം കണ്ടു ഞങ്ങള്‍ തിരിച്ചു ഉടുപ്പിയിലേക്കുള്ള ബസ്സ് കയറി.







Route: Mangaore -> Uduppi -> Malpe Beach -> St. Mary's Island

No comments:

Post a Comment